അഭയ കേസ് പ്രതികള്‍ക്ക് പ്രത്യേക പരിഗണനയില്‍ പരോള്‍: ഉന്നതാധികാര സമിതിയെ മറികടന്ന് തീരുമാനം

No comments

 


കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് പ്രത്യേക പരിഗണനയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം. അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ. ഇരുവരും നാലരമാസം ജയിലിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.


അതേസമയം, കൊവിഡ് കാലത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള സുപ്രിംകോടതി നിര്‍ദേശപ്രകാരം രൂപവത്‌കരിച്ച ഉന്നതാധികാരസമിതിയെയും മറികടന്നാണ് പരോള്‍ അനുവദിച്ചത്.

മെയ് 11-നാണ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജയില്‍വകുപ്പ് 90 ദിവസം പരോള്‍ അനുവദിച്ചത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ഉന്നതാധികാരസമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണിതെന്ന് അന്ന് ജയില്‍വകുപ്പ് വിശദീകരിച്ചു.


അഭയ കേസില്‍ നിയമപോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍, പരോള്‍ ലഭിച്ചതിനെതിരേ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ഉന്നതാധികാരസമിതി അധ്യക്ഷനുമായ ജസ്റ്റിസ് സി ടി രവികുമാറിന് മെയ് 31-ന് പരാതി അയച്ചു. സുപ്രിംകോടതി നിര്‍ദേശിച്ച മാനദണ്ഡം മറയാക്കിയാണ് അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഈ പരാതിയില്‍ ജസ്റ്റിസ് സി ടി രവികുമാറിന്റെ നിര്‍ദേശപ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ മറുപടിയിലാണ് അഭയ കേസ് പ്രതികള്‍ക്ക് പരോളിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.


ജീവപര്യന്തം ശിക്ഷ കിട്ടിയ ആര്‍ക്കും പരോളിന് ഉന്നതാധികാരസമിതി ശുപാര്‍ശ ചെയ്തിട്ടില്ല. തീരുമാനങ്ങള്‍ മുഴുവന്‍ അതോറിറ്റി വെബ്സൈറ്റിലുണ്ടെന്നും മറുപടിയിലുണ്ട്. ഇതോടെ ജയില്‍വകുപ്പിന്റെ കള്ളം പൊളിഞ്ഞു. ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് ജയില്‍ ഡിജിപി നല്‍കിയ വിശദീകരണത്തില്‍ പരോള്‍ അനുവദിച്ചത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണെന്ന് വ്യക്തമാക്കി. ഇത് സ്പെഷ്യല്‍ പരോളാണെന്നും മറുപടിയിലുണ്ട്.


പരോള്‍ സംബന്ധിച്ച്‌ സിബിഐ ജയില്‍വകുപ്പിന് അയച്ച കത്തിലും തെറ്റായ മറുപടിയാണ് ജയില്‍ അധികാരികള്‍ നല്‍കിയിട്ടുള്ളത്. ഉന്നതാധികാര സമിതിയുടെ തീരുമാന പ്രകാരമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്നാണ് സിബിഐ എസ്പിക്ക് ലഭിച്ച വിശദീകരണം. ഈ വിശദീകരണവും ഇപ്പോള്‍ പൊളിഞ്ഞു. നിയമവിരുദ്ധ പരോളിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ചൊവ്വാഴ്ച ഹരജി ഫയല്‍ ചെയ്യുമെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

No comments

Post a Comment