വില കൂടിയപ്പോൾ വരുമാനം ഇരട്ടിയായി, കേന്ദ്രം വേണ്ടെന്ന് വച്ചത് തുച്ഛമായ തുക മാത്രം

No comments


 

കേന്ദ്രം പ്രഖ്യാപിച്ച കുറവിനു ശേഷവും പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി 2014ൽ എൻഡിഎ (NDA) അധികാരത്തിൽ വന്ന സമയത്തുണ്ടായിരുന്നതിൻ്റെ മൂന്നിരട്ടിയായി തുടരുകയാണ്. കേന്ദ്രം മുപ്പതു രൂപയിൽ കൂടുതൽ നികുതി പിരിച്ചപ്പോൾ സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് നൽകിയിരുന്ന വിഹിതം ഒരു രൂപയിൽ താഴെ മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാത്ത സെസായാണ് കൂടുതൽ നികുതിയും കേന്ദ്രം പിരിച്ചത്.


പെട്രോളിനും ഡീസലിനും നികുതി കുത്തനെ കൂട്ടിയാണ് കഴിഞ്ഞ ഏഴു വർഷവും എൻഡിഎ സർക്കാർ എല്ലാ പദ്ധതികളുടെയും പണം കണ്ടെത്തിയത്. എൻഡിഎ അധികാരത്തിൽ എത്തിയപ്പോൾ പെട്രോളിന് എക്സൈസ് നികുതി ഒമ്പത് രൂപ നാല്പത്തിയെട്ട് പൈസയായിരുന്നു ഇത് 32.90 പൈസയായിയിരുന്നു ഇന്നലെ വരെ. അഞ്ചു രൂപ ഇന്നലെ കുറഞ്ഞപ്പോൾ ഇത് 27.90 പൈസയായി. അതായത് ഇപ്പോഴും എൻഡിഎ അധികാരത്തിൽ എത്തിയപ്പോഴുണ്ടായിരുന്ന നിരക്കിൻറെ മൂന്നിരട്ടിയാണ് എക്സൈസ് തിരുവ.


ഡീസലിന് 2014ലെ നികുതി 3 രൂപ 56 പൈസ. ഇപ്പോൾ പത്തു രൂപ കുറച്ചിട്ടും 21 രൂപ എൺപത് പൈസ. അതായത് എൻഡിഎ കാലത്തെ ഉയർച്ച ഇപ്പോഴത്തെ കണക്കു നോക്കിയാലും എഴിരട്ടി.

നികുതി കണക്ക്


ഇനി നികുതിയിലൂടെ കിട്ടുന്ന പണം എങ്ങോട്ടു പോകുന്നു എന്ന് നോക്കാം. 32 രൂപ തൊണ്ണൂറ് പൈസ കേന്ദ്രം നികുതി ഈടാക്കിയതിൻ്റെ കണക്ക് ഇങ്ങനെയാണ്.


അടിസ്ഥാന എക്സൈസ് തീരുവ 1രൂപ 40 പൈസ

പ്രത്യേക എക്സൈസ് ഡ്യൂട്ടി 11 രൂപ

അടിസ്ഥാനസൗകര്യ, കാർഷിക സെസുകൾ 20 രൂപ 50 പൈസ

ഡീസലിന് അടിസ്ഥാന തീരുവ 1രൂപ 80 പൈസ

പ്രത്യേക നികുതിയും സെസും 30 രൂപ

ഇതിൽ പ്രത്യേക നികുതി, സെസ് എന്നിവയിലൂടെ കിട്ടുന്ന തുക സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ല. അതായത് പെട്രോളിൻ്റെ അടിസ്ഥാന നികുതിയായ 1 രൂപ 40 പൈസയും ഡിസലിൻറെ 1 രൂപ എൺപത് പൈസയും മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കു വച്ചിരുന്നത്. ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് കേന്ദ്ര നികുതിയുടെ 41 ശതമാനം ആണ് സംസ്ഥാന വിഹിതം. അതായത് 33 രൂപ പെട്രോളിന് പിരിച്ച കേന്ദ്രം വെറും 74 പൈസയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത ഈ സെസ് വഴി കേന്ദ്രം പിരിച്ചത് 4,44, 850 കോടി. 2017-18ൽ പിരിച്ച രണ്ടു ലക്ഷം കോടിയുടെ ഇരട്ടിയിലധികം. ആ ഇരട്ടി വരുമാനത്തിൽ കുറച്ച് വേണ്ടെന്നു വയ്ക്കാൻ മാത്രമാണ് ഇപ്പോഴത്തെ തീരുമാനം.




കേന്ദ്ര സർക്കാർ കുറച്ച എക്സൈസ് തീരുവയുടെ ശതമാനകണക്കിൽ കേരളം വാറ്റ് നികുതി കുറച്ചാൽ, ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയും കുറയും. ഡീസലിന്റെ എക്സൈസ് തീരുവ 31 രൂപ 80 പൈസ ആയിരുന്നു. അതിൽ നിന്നാണ് കേന്ദ്രം പത്ത് രൂപ കുറച്ചത്. പെട്രോളിൻ്റെ തീരുവ 32 രൂപ 90 പൈസ. ഇതിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ചത് പല രീതിയിലാണ്. കേരളത്തിൽ ആകെയുണ്ടായത്, ആനുപാതികമായ കുറവ് മാത്രം. ഡീസലിന് രണ്ട് രൂപ 27 പൈസയും പെട്രോളിന് 1 രൂപ 30 പൈസയുമാണ് കേരളത്തിൽ കുറഞ്ഞത്.

പെട്രോള്‍ ഡീസല്‍ വില കേന്ദ്രം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലോട്ടറിയടിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കൂടിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ കേരളത്തിന്‍റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. നികുതി വരുമാനം കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെട്രോളിനെയും ഡീസലിനേയും ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തുന്നതിനേയും കേരളം എതിര്‍ക്കുന്നത്.


കഴിഞ്ഞ 18 മാസത്തിനിടെ 30 രൂപയോളം ഇന്ധന വില കേന്ദ്രം കൂട്ടിയപ്പോള്‍ കേരളത്തിന്‍റെ ഖജനാവിലും വീണത് കോടികളാണ്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്‍റേയും ഡീസലിന്‍റേയും വില്‍പ്പന നികുതി ഇനത്തില്‍ കേരളത്തിന്‍റെ വാര്‍ഷിക വരുമാനം 5378 കോടി രൂപയായിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ 2019 -20 വര്‍ഷത്തില്‍ സംസ്ഥാന ഖജനാവിലെത്തിയത് 7858 കോടി. 2020-21 വര്‍ഷം ഈ വരുമാനം ലോക്ക് ഡൗണ്‍ കാരണം പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല. 7067 കോടിയായി കുറഞ്ഞു. നടപ്പ് വര്‍ഷം 8000 കോടി രൂപക്ക് അടുത്തായിരിക്കുമെന്നാണ് കണക്ക്. അതായത് കഴിഞ്ഞ 6 വര്‍ഷം കൊണ്ട് കേരളത്തിന്‍റെ പെട്രോള്‍ ഡീസല്‍ നികുതി വരുമാനം അമ്പത് ശതമാനത്തോളം കൂടി. മാത്രമല്ല ഓരോ ലിറ്റര്‍ പെട്രോളും ഡീസലിനും നികുതി കൂടാതെ 1 രൂപ സെസ് കൂടി കേരളം വാങ്ങുന്നുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനത്തിനാണ് ഈ സെസ്. 2020 മാര്‍ച്ച് 31 വരെ 1921 കോടി രൂപ ഇങ്ങനെ കിഫ്ബിക്കും കിട്ടി.

No comments

Post a Comment