പരീക്ഷയെഴുതാൻ പകരക്കാർ; സംഘടിപ്പിക്കാൻ ഏജന്റുമാരും

No comments


 

കണ്ണൂർ


മധുര കാമരാജ് സർവകലാശാലയുടെ പരീക്ഷയെഴുതാൻ പകരം ആളുകളെ നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ. ബിരുദമടക്കമുള്ള സർട്ടിഫിക്കറ്റുകൾക്കാണ് പണം നൽകി ആളുകളെ ഏർപ്പാടാക്കുന്നത്. കണ്ണൂരിലെ സ്വകാര്യ കോളേജ് ഉടമ ബാങ്ക് ജീവനക്കാർക്ക് വ്യാജ പ്ലസ്ടു, ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ കേസിന്റെ അന്വേഷണത്തിലാണ് പൊലീസിന് ഏജന്റുമാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്ന നടുവിൽ സ്വദേശികളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ യോഗശാല റോഡിലെ ഐഎഫ്ഡി ഫാഷൻ ടെക്നോളജി ക്യാമ്പസ് ഉടമ മയ്യിൽ കയരളത്തെ കെ വി ശ്രീകുമാർ അറസ്റ്റിലായിരുന്നു. പരീക്ഷയെഴുതാത്തവർക്ക് വലിയ തുക വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതായി കണ്ടെത്തി. മധുര കാമരാജ് സർവകലാശാലയിൽ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്കുപകരം പരീക്ഷയെഴുതാൻ ഏജന്റുമാർവഴിയാണ് ശ്രീകുമാർ ആളെ ഏർപ്പാടാക്കിയിരുന്നത്.ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിക്ക് ശ്രമിക്കുന്നവർക്കാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ഇവയിൽ പൊതുവേ കൂടുതൽ പരിശോധന ഉണ്ടാകാറില്ല. ബിരുദ കോഴ്സുകൾക്ക് രജിസ്റ്റർചെയ്ത വർഷംതന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഡൽഹി, മധുര കേന്ദ്രീകരിച്ചാണ് ഏജന്റുമാർ പ്രവർത്തിക്കുന്നതെന്നാണ് വിവരം. രാജ്യത്തെ മറ്റ് സർവകലാശാലകളിൽനിന്ന് ഇത്തരത്തിൽ ശ്രീകുമാർ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

ബാങ്കിൽ സ്ഥാനക്കയറ്റത്തിന് പ്ലസ്ടു, ബിരുദ സർട്ടിഫിക്കറ്റുകൾക്കായാണ് 2018ൽ നടുവിൽ സ്വദേശികളായ പി പി അജയകുമാർ, പി പി ഷാഹിദ, എം ജെ ഷൈനി എന്നിവർ കണ്ണൂർ ഐഎഫ്ഡി ഫാഷൻ ടെക്നോളജി ക്യാമ്പസിലെത്തിയത്. 2015ലെ പ്ലസ്ടു സർട്ടിഫിക്കറ്റും 2015–- 18 വർഷത്തെ മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുമാണ് ഇവർക്ക് നൽകിയത്. ഇവരിൽനിന്ന് പലതവണയായി ശ്രീകുമാർ 2,27,100 രൂപ വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുമാണ് ഇവർക്ക് നൽകിയത്.

ഐഎഫ്ഡി ഫാഷൻ ടെക്നോളജി പരീക്ഷയിൽ ആൾമാറാട്ടം നടക്കുന്നുവെന്ന പരാതിയിൽ മധുര പൊലീസ് നേരത്തെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലാ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.

No comments

Post a Comment