ഇന്നലെ പുലർച്ച ഒന്നരയോടെയാണ് കല്ലേരി സ്വദേശി ബിജുവിന്റെ കാർ ഒരു സംഘം കത്തിച്ചത്. വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്
നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
വധശ്രമം ഉൾപ്പെടെ വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യം മൂലം മർദ്ദിക്കുകയും തുടർന്ന് കാർ കത്തിക്കുകയായിരുന്നുവെന്നുമാണ് പൊലീസിൻറെ കണ്ടെത്തൽ.
തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷം കാർ കത്തിക്കുകയായിരുന്നുവെന്നാണ് ബിജു പൊലീസിനോട് മൊഴി നൽകിയത്. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത് എന്ന ആൾക്ക് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്നും അയാളാണ്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസിനെയും, പെരിങ്ങത്തൂർ സ്വദേശി സവാദിനെയും കൂട്ടിയെത്തി അക്രമം നടത്തിയത് എന്നുമായിരുന്നു മൊഴി.
സ്വർണക്കടത്ത് കേസുകളിലെ പ്രധാനിയായ, അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് ഇടപാടുകളിൽ അടക്കം രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടരും.
സ്വർണക്കടത്തും അതിന്‍റെ പിന്നിലെ ക്വട്ടേഷൻ ഇടപാടും തന്നെയാണ് കാർ കത്തിക്കലിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്.
No comments
Post a Comment