കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ കുരുവി; ഒടുവിൽ പിടികൂടി, അന്വേഷണം തുടങ്ങി

No comments


 

നെടുമ്പാശ്ശേരി: ബഹ്റൈനിൽനിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയെ കണ്ടെത്തിയ സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെയാണ് കോക്പിറ്റിൽ കുരുവിയെ കണ്ടത്.


കൊച്ചിയിൽനിന്ന് വിമാനം ബഹ്റൈനിലെത്തിയ ശേഷം മടക്കയാത്രയ്ക്കു മുൻപായി പരിശോധന നടത്തിയപ്പോൾ കോക്പിറ്റിൽ പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തനിയെ പറന്നു പോകുന്നതിനായി ഫ്ളൈറ്റ് ഡെക്കിന്റെ ജനലുകൾ തുറന്നിട്ടു. 10 മിനിറ്റിനു ശേഷം പരിശോധിച്ചെങ്കിലും പക്ഷിയെ കണ്ടില്ല. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ഗ്ലാസ് കംപാർട്ട്മെന്റിനു സമീപം പൈലറ്റുമാർ വീണ്ടും പക്ഷിയെ കണ്ടു.


വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തതിനുശേഷം പക്ഷിയെ പിടികൂടി പറത്തിവിട്ടു. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.സി.എ. വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനകത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.

No comments

Post a Comment