റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

No comments


 

ദക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ് മുക്കം പൊലീസിന്‍റെ പിടിയില്‍ ആയത്. ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ തട്ടിപ്പിനിരയായവരുടെ പരാതി കൊടുത്ത നാലുപേരും അറസ്റ്റിലായി.തട്ടിപ്പിന്റെ ഇടനിലക്കാരായ മുക്കത്തിനടുത്ത വല്ലത്തായിപാറ മണ്ണാര്‍ക്കണ്ടി എം.കെ ഷിജു, സഹോദരന്‍ സിജിന്‍, എടപ്പാള്‍ മണ്ഡക പറമ്പില്‍ ബാബു എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഷൊര്‍ണൂര്‍ സ്വദേശിയാണെന്നും അവിടെ റെയില്‍വേയിലാണ് ജോലിയെന്നും പറഞ്ഞാണ് അശ്വതി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്.


റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ ഇ മെയില്‍ ഐഡി ഉണ്ടാക്കിയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്ലര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയത്.തട്ടിപ്പുകാരില്‍ പലരും ബിജെപി ബന്ധമുള്ളവരാണെന്ന് അന്വേഷണസംഘം പറയുന്നു. തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഷിജു എം.കെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോഴിക്കോട് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ. കൃഷ്ണദാസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് തട്ടിപ്പ് നടത്തിയിക്കുന്നത്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് പലരില്‍നിന്നായി വാങ്ങിയത്. അഞ്ഞൂറോളംപേര്‍ തട്ടിപ്പിനിരയായതായാണ് പൊലീസ് സംശയിക്കുന്നത്.

No comments

Post a Comment