വിമാനത്താവളം- റെയിൽവെ സ്റ്റേഷൻ- ബസ് സ്റ്റാൻഡ്; എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

No comments


 

എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. തിരുവനന്തപുരത്തെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള 24 മണിക്കൂർ സർവീസ് ഉടൻ ആരംഭിക്കും. പുതുതായി എത്തിയ ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിലെത്തുന്നവരെ തമ്പാനൂർ ബസ് സ്റ്റാന്റ് , സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് തുടങ്ങുന്നത്.




ആദ്യ ഘട്ടത്തിൽ ഓരോ മണിക്കൂറിലും ഒരു ബസ് ടെർമിനലുകളിൽ എത്തും. കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലറിനായി പുതുതായി വാങ്ങിയ രണ്ട് ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കും. കെഎസ്ആർടിസിയുടെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യവും ഈ ബസ്സുകളിൽ ഉണ്ടാകും. യാത്രാക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. 20 മുതൽ 50 രൂപവരെയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് ഈടാക്കില്ല. ടിക്കററ്റ് നിരക്കിൽ 10% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഹ്രസ്വദൂര സർവീസുകളിലേക്കുള്ള പ്രവേശനത്തിനും എയർ റെയിൽ സർക്കുലർ കാരണമാകും

No comments

Post a Comment