പയ്യന്നൂര്‍:
മയക്കുമരുന്നുമായി പോലീസ് പിടിയിലായ യുവാവിന് പോലീസിൻ്റെ ക്രൂര മർദ്ദനം .അവശനിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പിതാവ് മുഖ്യമന്ത്രിക്കും റൂറൽ എസ്.പി.ക്കും പരാതി നൽകി.സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മയക്കുമരുന്നുമായിപോലീസ് പിടിയിലായ
കരിവെള്ളൂര്‍ അയത്രവയല്‍ സ്വദേശി ടൈല്‍സ് – കാറ്ററിങ്ങ് തൊഴിലാളിയായ കിണറ്റുംകര അനൂപിന്റെ (38) പിതാവ് വടക്കേ വീട്ടില്‍ രാജന്‍ മുഖ്യമന്ത്രിക്കും റൂറൽ പോലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണ ഉത്തരവ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.വി.രമേശൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
ഈ മാസം ഏഴിന് പുലര്‍ച്ചെ നാലേകാലോടെയാണ് അനൂപിനെയും കരിവെള്ളൂര്‍ തെരുവിലെ പുതിയ വീട്ടില്‍ വൈശാഖി(30) നെയും പിടികൂടിയതെന്നാണ് പയ്യന്നൂർ പോലീസ് എഫ് ഐ .ആറിലുള്ളത്. കരിവെളളൂര്‍ ഗവ. ആശുപത്രിക്ക് മുന്‍വശത്തെ റോഡില്‍ കാറിൽ കണ്ടെത്തിയ ഇവരെ പരിശോധിക്കുകയും മാരക ലഹരിമരുന്നായ രണ്ടു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടികൂടിയെന്നുമാണ് പയ്യന്നൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ചൂണ്ടി കാണിക്കുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സുസൂക്കി എര്‍ട്ടിക കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ഹാജരാക്കിയ ഇരുവരേയും കോടതി പിന്നീട് റിമാൻ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ ആറാം തീയതി വൈകുന്നേരം അനൂപിനേയും വൈശാഖിനേയും പയ്യന്നൂര്‍ പോലീസ് കരിവെള്ളൂര്‍ ടൗണില്‍നിന്നും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയെന്നറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും കേസില്‍ കുടുങ്ങിയതായും മകന്‍ അനൂപിനെ ചികിത്സക്കായി കൊണ്ടുപോയതായും അറിഞ്ഞത്. ജയിലിലെത്തി അന്വേഷിച്ചതില്‍നിന്നും മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിട്ടും മകനെ കണ്ടെത്താനായില്ല.ഒടുവില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിയപ്പോള്‍ ശാരീരികമായി തകര്‍ന്ന അവസ്ഥയിലാണ് മകനെ കണ്ടെത്തിയത്.സംഭവ ദിവസം
രാത്രി മുഴുവന്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റ് ശരീരത്തിലെ മുഴുവന്‍ ഭാഗങ്ങളിലും പരിക്കേറ്റ വിവരം മകന്‍ പറഞ്ഞാണ് പിതാവ്അറിഞ്ഞത്. മജിസ്‌ട്രേറ്റിനോട് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട കേസുകള്‍ തലയില്‍ കെട്ടിവെക്കുമെന്ന് പോലീസ് സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്.പോലീസിന്റെ ക്രൂരപീഡനത്തില്‍ കഠിനമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മകന് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് പരാതിയിലുള്ളത്. പരാതിലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പരാതിക്കാരനില്‍നിന്നും പ്രാഥമിക കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ ദിവസം പയ്യന്നൂർ സ്റ്റേഷനിലെ ഡ്യൂട്ടി ബുക്കും മറ്റും പരിശോധിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
No comments
Post a Comment